01. ബൈബിൾ വായനക്കാർ  അറിഞ്ഞിരിക്കേണ്ട ഒരു വ്യാഖ്യാന നിയമം

ന്യൂസ് പേപ്പർ, ടെക്സ്റ്റ് ബുക്ക്, ജേണലുകൾ, കഥകൾ, നോവലുകൾ, ഓൺലൈൻ ലേഖനങ്ങൾ… അങ്ങനെ എന്തു വായിച്ചാലും നമ്മൾ അറിഞ്ഞുകൊണ്ടോ അറിയാതെയോ പാലിക്കുന്ന ഒരു പ്രധാനപ്പെട്ട വ്യാഖ്യാന നിയമം (Interpretive Rule) ഉണ്ട്. ആ നിയമം പാലിച്ചാൽ മാത്രമേ നാം വായിക്കുന്ന കാര്യങ്ങൾ ശരിയായ വിധത്തിൽ മനസ്സിലാക്കാൻ സാധിക്കൂ. എന്നാൽ ഭൂമിയിൽ ഏറ്റവുമധികം പ്രചാരത്തിലുള്ള പുസ്തകമായ ബൈബിൾ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ മിക്ക ആളുകളും ഈ പ്രധാനപ്പെട്ട നിയമം പാലിക്കാൻ മറന്നുപോകുന്നു. അങ്ങനെ മറന്നു പോകുന്നതുകൊണ്ട് ഇന്ന് ക്രിസ്ത്യാനികൾക്ക് ഇടയിൽ പല വിചിത്രവും തെറ്റായതുമായ വിശ്വാസങ്ങൾ ഉടലെടുത്തിരിക്കുന്നു. എന്താണ് അവർ മറന്നു പോകുന്ന ആ പ്രധാനപ്പെട്ട വ്യാഖ്യാന നിയമം? ആ നിയമം എന്താണെന്ന് പറയുന്നതിനു മുന്നേ ചില കാര്യങ്ങൾ പറയാനുണ്ട്.

ഈ പോസ്റ്റിൽ ‘explicit‘ & ‘implicit‘ എന്നീ രണ്ടു വാക്കുകൾ പല തവണ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഈ രണ്ടു വാക്കുകളുടെ അർത്ഥം ആദ്യം പറയാം.

Explicit‘ എന്നാൽ ‘സ്പഷ്ടം, വ്യക്തം, നേരിട്ടുള്ളത്’ എന്നൊക്കെയാണ് അർത്ഥം.

Implicit‘ എന്നാൽ ‘പരോക്ഷമായ, അന്തർലീനമായ,’ എന്നൊക്കെയാണ് അർത്ഥം.

ഇത് മനസ്സിലാക്കാനായി രണ്ട് സാങ്കല്പിക അധ്യാപകരുടെ വാക്കുകൾ നമുക്ക് ഉദാഹരണമായി എടുക്കാം. നമുക്ക് ഈ അധ്യാപകരെ ജോർജ് സർ എന്നും വിഷ്ണു സർ എന്നും വിളിക്കാം. ഇവർ രണ്ടുപേരും വ്യത്യസ്ത സമയങ്ങളിൽ ക്ലാസിൽ വന്നു കുട്ടികളോട് ഇപ്രകാരം പറയുന്നു:

ജോർജ് സർ: “പരീക്ഷയുടെ തീയതി മാർച്ച് 24 ആണ്.”

വിഷ്ണു സർ: “പരീക്ഷയുടെ ദിവസം ഉച്ചകഴിഞ്ഞ് വീട്ടിൽ പോകാം. മാർച്ച് 24ന് ഉച്ചകഴിഞ്ഞ് വീട്ടിൽ പോകാം.”

എന്നാണ് പരീക്ഷ? എന്ന് ചോദ്യത്തിന് ഉത്തരം ജോർജ് സർ ന്റെ വാക്കുകളിൽ ഉണ്ട്. അത് വ്യക്തവും സ്പഷ്ടവും യാതൊരു സംശയത്തിനും ഇടമില്ലാത്തതും ആണ്. മാർച്ച് 24നാണ് പരീക്ഷ. ഇതിനെയാണ് explicit എന്നു പറയുന്നത്.

ഇനി വിഷ്ണു സർ ന്റെ വാക്കുകളിലേക്ക് വരാം. എന്നാണ് പരീക്ഷ? എന്ന് ചോദ്യത്തിന് വ്യക്തവും സ്പഷ്ടവുമായ ഉത്തരം വിഷ്ണു സർ ന്റെ വാക്കുകളിൽ ഇല്ല. പരീക്ഷയുടെ ദിവസം ഉച്ചകഴിഞ്ഞ് വീട്ടിൽ പോകാം എന്നതു കൊണ്ടും മാർച്ച് 24ന് ഉച്ചകഴിഞ്ഞ് വീട്ടിൽ പോകാം എന്ന് പറഞ്ഞതു കൊണ്ടും കുട്ടികൾ നിഗമനം ചെയ്യുന്നു, പരീക്ഷ മാർച്ച് 24 ആണെന്ന്. ഇതിനെയാണ് implicit എന്ന് പറയുന്നത്. വിഷ്ണു സാർ പറഞ്ഞ implicit വാക്യത്തിൽ നിന്ന് തങ്ങൾ നിഗമനം ചെയ്ത കാര്യം ശരിയാണെന്ന് കുട്ടികൾക്ക് 100% ഉറപ്പിക്കാം. കാരണം, അവരുടെ നിഗമനം ജോർജ് സർ ന്റെ explicit വാക്യവുമായി യോജിപ്പിലാണ്.

ഇനി ഇവരെ വെച്ച് തന്നെ നമുക്ക് വ്യത്യസ്തമായ മറ്റൊരു സന്ദർഭം നോക്കാം.

Case 2:

ജോർജ് സർ: “പരീക്ഷ തുടങ്ങുന്നത് മാർച്ച് 30 നാണ്”.

വിഷ്ണു സർ: “പരീക്ഷയുടെ ദിവസം ഉച്ചകഴിഞ്ഞ് വീട്ടിൽ പോകാം. മാർച്ച് 24ന് ഉച്ചകഴിഞ്ഞ് വീട്ടിൽ പോകാം.”

ഈ സന്ദർഭത്തിൽ വിഷ്ണു സർ ന്റെ implicit വാക്കുകളിൽ നിന്നും മാർച്ച് 24ന് പരീക്ഷയാണെന്ന് വേണമെങ്കിൽ കുട്ടികൾക്ക് നിഗമനം ചെയ്യാം. എന്നാൽ ആ നിഗമനം തെറ്റായിരിക്കും.  കാരണം, അത് ജോർജ് സാർ പറഞ്ഞ explicit വാക്യത്തെ ഖണ്ഡിക്കുന്നു അല്ലെങ്കിൽ അതിനു വിരുദ്ധമാണ്. മാർച്ച് 24ന് ഉച്ചകഴിഞ്ഞ് വീട്ടിൽ പോകാം എന്ന് പറഞ്ഞത് മറ്റെന്തെങ്കിലും കാരണം കൊണ്ടാണ്, അല്ലാതെ പരീക്ഷ ആയതുകൊണ്ട് അല്ല എന്ന് കുട്ടികൾ മനസ്സിലാക്കണം.

ചുരുക്കി പറഞ്ഞാൽ,
എപ്പോഴും explicit വാക്യങ്ങളുടെ അടിസ്ഥാനത്തിൽ വേണം implicit വാക്യങ്ങളെ വിലയിരുത്താൻ. നേരെ തിരിച്ചു ചെയ്യാൻ പാടില്ല.

■ ഒരിക്കലും implicit നിഗമനങ്ങൾ, explicit വാക്യങ്ങൾക്ക് വിരുദ്ധം ആവാനോ, explicit വാക്യങ്ങളെ ഖണ്ഡിക്കാനോ പാടില്ല.

മേൽ പറഞ്ഞതാണ് പ്രധാനപ്പെട്ട ആ വ്യാഖ്യാന നിയമം. ഈ പോസ്റ്റിന്റെ തുടക്കത്തിൽ പറഞ്ഞത് പോലെ ന്യൂസ് പേപ്പറുകൾ, മാഗസിൻ, കഥകൾ, നോവലുകൾ, ടെക്സ്റ്റ് ബുക്കുകൾ, ഓൺലൈൻ ലേഖനങ്ങൾ, തുടങ്ങി എന്തു വായിച്ചാലും നമ്മൾ ഈ നിയമം പാലിക്കാറുണ്ട്— അറിഞ്ഞോ അറിയാതെയോ.

ഇനി ബൈബിളിൽ നിന്നും ചില explicit-implicit ഉദാഹരണങ്ങൾ നോക്കാം:

ഉദാഹരണം 1:

ലൂക്കോസ് 1:32 ൽ യേശുവിനെ കുറിച്ച് ഇപ്രകാരം പറയുന്നു: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്ന് വിളിക്കപ്പെടും”.

ഇനി മത്തായി 9:27 നോക്കുക: “യേശു അവിടെനിന്നു പോകുമ്പോൾ രണ്ടു കുരുടന്മാർ: ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചും കൊണ്ടു പിന്തുടർന്നു.”

മുകളിൽ ഉള്ള രണ്ടു വാക്യങ്ങൾ താരതമ്യം ചെയ്യുക. ആദ്യത്തെ വാക്യത്തിൽ യേശു “അത്യുന്നതന്റെ പുത്രൻ” എന്ന് വിളിക്കപ്പെടും എന്ന് പറയുന്നു. രണ്ടാമത്തെ വാക്യത്തിൽ യേശുവിനെ “ദാവീദ് പുത്രാ” എന്ന് വിളിക്കുന്നു.

ഇതിൽ നിന്നും ദാവീദ് ‘അത്യുന്നതൻ’ ആണെന്ന implicit നിഗമനത്തിൽ എത്തിച്ചേരാൻ ഒരു വായനക്കാരന് സാധിക്കും. പക്ഷേ, ആ നിഗമനം തെറ്റായിരിക്കും. കാരണം, ബൈബിളിലെ തന്നെ മറ്റൊരു വാക്യമായ സങ്കീർത്തനം 83:18 ലെ explicit പഠിപ്പിക്കലിനെ ആ implicit നിഗമനം ഖണ്ഡിക്കുന്നു. അവിടെ ഇപ്രകാരം വായിക്കുന്നു: “യഹോവ എന്ന നാമമുള്ള അങ്ങ് മാത്രം…അത്യുന്നതൻ”.

ഉദാഹരണം 2:

ഉല്പത്തി 18:1 ൽ യഹോവ അബ്രഹാമിന് പ്രത്യക്ഷനായി എന്ന് പറയുന്നു. അവിടെ ഇപ്രകാരം വായിക്കുന്നു: “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി”

ഇതിൻറെ അർത്ഥം അബ്രഹാം ദൈവമായ യഹോവയെ നേരിൽ കണ്ടു എന്നാണോ? അല്ല. കാരണം ഒരു മനുഷ്യനും ദൈവത്തെ കണ്ടിട്ടില്ല എന്ന് explicitly പറയുന്ന കുറഞ്ഞത് നാലു വാക്യങ്ങൾ എങ്കിലും ബൈബിളിൽ ഉണ്ട് (യോഹന്നാൻ 1:18; 6:46; പുറപ്പാട് 33:20; 1 യോഹന്നാൻ 4:12).
അതുകൊണ്ട് ഈ explicit പഠിപ്പിക്കലിന്റെ അടിസ്ഥാനത്തിൽ വേണം ഉല്പത്തി 18:1 നാം മനസ്സിലാക്കാൻ. അബ്രഹാമിന് പ്രത്യക്ഷനായത് യഹോവ ആയിരുന്നില്ല. മറിച്ച്, യഹോവയുടെ ദൂതൻ ആയിരുന്നു. യഹോവയുടെ ദൂതൻ യഹോവയെ പ്രതിനിധീകരിച്ച് വന്നതിനാൽ ആണ് ദൂതനെ ‘യഹോവ’ എന്ന് വിളിച്ചിരിക്കുന്നത്. ബൈബിളിലെ മറ്റു പല ഭാഗങ്ങളിലും യഹോവയുടെ ദൂതനെ ‘യഹോവ’ എന്ന് അഭിസംബോധന ചെയ്തിട്ടുണ്ട്. (ഉദാഹരണത്തിന് പുറപ്പാട് മൂന്നാം അധ്യായം വായിക്കുക).

ഉദാഹരണം 3:

വെളിപാട് 19:16 ൽ യേശുവിനെ “രാജാധിരാജാവ്” (“king of kings”) എന്ന് വിളിക്കുന്നു.
ദാനിയേൽ 2:37 ൽ ബാബിലോൺ രാജാവിനെ “രാജാധിരാജാവ്” എന്ന് വിളിക്കുന്നു. ഈ രണ്ടു വാക്യങ്ങളും താരതമ്യം ചെയ്തു യേശുവും ബാബിലോൺ രാജാവും ഒരാൾ തന്നെ ആണെന്നോ അല്ലെങ്കിൽ ഇരുവരും തുല്യശക്തർ ആണെന്നോ ഉള്ള implicit നിഗമനത്തിൽ എത്തിയാൽ ആ നിഗമനം ശരിയായിരിക്കുമോ? ഒരിക്കലുമില്ല. കാരണം, ബൈബിളിലെ explicit വാക്യങ്ങൾക്ക് വിരുദ്ധം ആയിരിക്കും ആ നിഗമനം.

NB: Implicit വാക്യങ്ങളിൽ നിന്നും മാത്രം നിഗമനങ്ങളിൽ എത്തിച്ചേരുന്നത് കുഴപ്പമാണ് എന്നല്ല ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച്, അത്തരം implicit നിഗമനങ്ങൾ ഒരിക്കലും explicit പഠിപ്പിക്കലുകൾക്ക് വിരുദ്ധം ആകരുത് എന്നാണ് ഉദ്ദേശിക്കുന്നത്. ഒരു കാര്യത്തെക്കുറിച്ച് explicit പഠിപ്പിക്കൽ ബൈബിളിൽ ഇല്ല എങ്കിൽ, അതേക്കുറിച്ച് implicit വാക്യങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ വിശ്വാസം രൂപപ്പെടുത്തുന്നത് തെറ്റല്ല. ശ്രദ്ധിക്കുക, explicit വാക്യങ്ങൾ ഇല്ലായെങ്കിൽ മാത്രമേ implicit വാക്യങ്ങൾ കണക്കിലെടുക്കാൻ പാടുള്ളൂ. ഉദാഹരണത്തിന്, ഒരു ക്രിസ്ത്യാനി ആഭരണം ധരിക്കുന്നത് ശരിയാണോ തെറ്റാണോ? ഇതേക്കുറിച്ച് ബൈബിൾ explicitly ഒന്നും പറയുന്നില്ല. അതുകൊണ്ട് implicit വാക്യങ്ങളുടെ അടിസ്ഥാനത്തിൽ വേണം ആഭരണത്തെ കുറിച്ചുള്ള വിശ്വാസം രൂപപ്പെടുത്താൻ.
മറ്റൊരു ഉദാഹരണം: യേശുവിൻറെ അമ്മയായ മറിയ മരണം വരെ കന്യക ആയിരുന്നോ? ഇതേക്കുറിച്ചും ബൈബിൾ explicitly ഒന്നും പറയുന്നില്ല. അതുകൊണ്ട് implicit വാക്യങ്ങളുടെ അടിസ്ഥാനത്തിൽ വേണം ഉത്തരം കണ്ടെത്താൻ.

ബൈബിൾ ശരിയായി മനസ്സിലാക്കാൻ പാലിക്കേണ്ട ഒരു പ്രധാന വ്യാഖ്യാന നിയമം എന്താണെന്ന് നാം കണ്ടു. ഈ ലളിതമായ നിയമം ഉപയോഗിച്ചുകൊണ്ട് ഇന്ന് ക്രിസ്ത്യാനികൾക്കിടയിൽ നിലനിൽക്കുന്ന തെറ്റായ വിശ്വാസങ്ങൾ ഏതൊക്കെയാണ് എന്ന് നമുക്ക് വളരെ എളുപ്പത്തിൽ കണ്ടെത്താനാകും. അതിനെ കുറിച്ചാണ് എൻറെ അടുത്ത പോസ്റ്റ്.

അടുത്ത പോസ്റ്റിന്റെ വിഷയം: ഏതാണ് ശരിയായ ക്രിസ്തീയ വിശ്വാസം?

Leave a Comment