03. ദൈവനാമം ഉൾക്കൊള്ളുന്ന പുതിയ നിയമത്തിന്‍റെ ഒരു ഗ്രീക്ക് കയ്യെഴുത്ത്പ്രതി കണ്ടെത്തുമോ?

[nb: ഈ പോസ്റ്റിന്റെ അവസാനഭാഗത്ത് തടിച്ച അക്ഷരത്തിൽ (bold letters) ഒരു ചോദ്യം എഴുതിയിട്ടുണ്ട്. വായനക്കാരൻ ബൈബിളിനെ കുറിച്ച് നല്ല അറിവുള്ള വ്യക്തിയാണെങ്കിൽ നേരിട്ട് അങ്ങോട്ട് പോകാം. തുടക്കം മുതൽ വായിക്കണമെന്ന് നിർബന്ധമില്ല. അല്ലാത്തവർ തുടക്കം മുതലേ വായിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു😊]

66 വ്യത്യസ്ത പുസ്തകങ്ങളുടെ ഒരു ശേഖരമാണ് ബൈബിൾ. ഇതിൽ ആദ്യം എഴുതപ്പെട്ട പുസ്തകവും അവസാനം എഴുതപ്പെട്ട പുസ്തകവും തമ്മിൽ 1500 ൽ അധികം വർഷങ്ങളുടെ കാല-വ്യത്യാസം ഉണ്ട്. ബൈബിളിനെ രണ്ട് ഭാഗങ്ങളായി പൊതുവേ തരം തിരിച്ചിരിക്കുന്നു:

(1) ക്രിസ്തു ഭൂമിയിൽ ജനിക്കുന്നതിന് മുമ്പ് എഴുതപ്പെട്ട 39 പുസ്തകങ്ങൾ. ഈ പുസ്തകങ്ങളെ കൂട്ടമായി ‘പഴയനിയമം’ എന്നോ ‘എബ്രായ-ബൈബിൾ’ എന്നോ വിളിക്കുന്നു. ഈ 39 പുസ്തകങ്ങളിൽ ഭൂരിഭാഗവും എഴുതപ്പെട്ടത് എബ്രായ ഭാഷയിലാണ് (Hebrew). വളരെ കുറച്ച് ഭാഗം അരമായ (Aramaic) ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നു.

(2) ക്രിസ്തു ഭൂമിയിൽ ജനിച്ച ശേഷം എഴുതപ്പെട്ട 27 പുസ്തകങ്ങൾ. ഇത് പ്രധാനമായും ഗ്രീക്ക് ഭാഷയിലാണ് അതിന്റെ എഴുത്തുകാർ രചിച്ചത്. ഇതിലെ 27 പുസ്തകങ്ങളും എഴുതിയത് പൊതു യുഗം ഒന്നാം നൂറ്റാണ്ടിൽ (C.E. 1st century) ആണ്. ഈ പുസ്തകങ്ങളെ ‘പുതിയ നിയമം’ എന്നോ ‘ഗ്രീക്ക്-ബൈബിൾ’ എന്നോ ആളുകൾ പൊതുവേ വിളിക്കുന്നു.

ഏകദൈവം പിതാവായ യഹോവ ആണെന്ന് മുഴു ബൈബിളും explicitly പഠിപ്പിക്കുന്നു എന്ന് മുമ്പത്തെ പോസ്റ്റിൽ നമ്മൾ കണ്ടു. ഏക ദൈവത്തിന്‍റെ വ്യക്തിപരമായ പേര് (personal name) ആണ് ‘യഹോവ’ എന്നത്. എബ്രായ ബൈബിളിന്റെ ഇന്ന് ലഭ്യമായിട്ടുള്ള കൈയെഴുത്ത് പ്രതികളിൽ (manuscripts) ഈ പേര് കാണപ്പെടുന്നത് ഇപ്രകാരമാണ്: 
                                   יהוה

മുകളിൽ കാണുന്ന നാല് എബ്രായ അക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങൾ (consonants) ആണ്. ഈ പേരിനെ ‘ചതുരക്ഷരി’ (tetragrammaton) എന്നും വിളിക്കാറുണ്ട്.

എബ്രായ ബൈബിളിനെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമ്പോൾ ദൈവത്തിന്‍റെ പേരിനെ ‘യഹോവ’ എന്നാണ് സാധാരണ transliterate ചെയ്യുന്നത്. ഇംഗ്ലീഷിൽ ദൈവനാമത്തിന്റെ ഏറ്റവും popular transliteration ‘Jehovah’ എന്നാണ്.
‘Yahweh’ എന്ന transliteration ആണ് യഥാർത്ഥ ഹീബ്രു ആയി ആയി കൂടുതൽ അടുത്തുനിൽക്കുന്നത് എന്ന് ചില ഭാഷാ പണ്ഡിതന്മാർ പറയുന്നു.

എബ്രായ ബൈബിളിന്റെ ഇന്ന് ലഭ്യമായ കൈയെഴുത്ത് പ്രതികളിൽ ഈ പേര് ഏകദേശം 6800 തവണ കാണപ്പെടുന്നു. മറ്റാരുടെയും വ്യക്തിപരമായ പേര് ഇതിന്‍റെ മൂന്നിൽ-ഒരു പ്രാവശ്യം പോലും ബൈബിളിൽ കാണപ്പെടുന്നില്ല. പഴയനിയമ കാലഘട്ടത്തിലെ ദൈവദാസർ തങ്ങളുടെ ആരാധനയിലും പ്രാർത്ഥനയിലും എപ്പോഴും ദൈവനാമം ഉപയോഗിച്ചിരുന്നു.

എന്നാൽ പ്രതീക്ഷയ്ക്ക് വിരുദ്ധമായി, ഇന്ന് ലഭ്യമായിരിക്കുന്ന പുതിയ നിയമത്തിന്റെ ഗ്രീക്ക് കയ്യെഴുത്ത് പ്രതികളിൽ ഒന്നിൽ പോലും ദൈവനാമത്തിന്റെ പൂർണ്ണരൂപം കാണുന്നില്ല. യേശുവിന്റെയോ ശിഷ്യന്മാരുടെയോ സംഭാഷണങ്ങളിൽ ഒരിക്കൽ പോലും ദൈവനാമത്തിന്റെ പൂർണ്ണരൂപം കാണുന്നില്ല. ചുരുക്കരൂപം മാത്രമേ പുതിയ നിയമത്തിൽ കാണുന്നുള്ളൂ. (വെളിപാട് 19: 1, 3, 4, 6)

[പൂർണ്ണരൂപം = Yahweh
ചുരുക്ക രൂപം = Yah]


രസകരമായ കാര്യം എന്തെന്ന് വെച്ചാൽ,  എബ്രായ ബൈബിളിൽ നിന്നും അനേകം വാക്യങ്ങൾ പുതിയ നിയമ എഴുത്തുകാർ തങ്ങളുടെ എഴുത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. അതിൽ ചിലത് ദൈവനാമം വരുന്ന വാക്യങ്ങളാണ്. എന്നാൽ അവിടെ പോലും, ദൈവനാമത്തിന്റെ സ്ഥാനത്ത് ‘Kyrios’ എന്ന ഗ്രീക്ക് പദമാണ് പുതിയ നിയമത്തിൽ കാണുന്നത്.  ‘Kyrios’ എന്ന വാക്കിന്‍റെ അർത്ഥം കർത്താവ്, പ്രഭു, യജമാനൻ എന്നൊക്കെയാണ്.  അതായത് ഒരു personal name പ്രതീക്ഷിച്ച സ്ഥലത്ത് ഒരു generic title ആണ് കാണപ്പെടുന്നത്.

ഒരുദാഹരണം പറയാം:

പഴയ നിയമത്തിൽ ദാവീദ് ഇപ്രകാരം എഴുതി:

“യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.”
(സങ്കീർ‍ത്തനങ്ങൾ 110 : 1)

മുകളിൽ കൊടുത്തിരിക്കുന്ന അതേ വാക്യം യേശുക്രിസ്തു തന്റെ സംഭാഷണത്തിൽ ഉദ്ധരിക്കുന്നുണ്ട്. യേശു പറഞ്ഞു:

“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ.”
(മത്തായി 22 : 44)


ദൈവം നാമം വരേണ്ട സ്ഥാനത്ത് എന്തുകൊണ്ട് ‘കർത്താവ്’ എന്ന വാക്ക് യേശു ഉപയോഗിച്ചു?

അതോ, യേശു യഥാർത്ഥത്തിൽ ‘യഹോവ’ എന്ന് തന്നെയാണോ പറഞ്ഞത്? എന്നിട്ട്,  പിൽക്കാലത്ത് ബൈബിൾ പകർപ്പ് എഴുത്തുകാർ (copyists) ആണോ ‘യഹോവ’ എന്ന പേര് മാറ്റി ‘കർത്താവ്’ ആക്കിയത്?

ഈ അവസാനം പറഞ്ഞ കാര്യമാണ് നടന്നിരിക്കാൻ കൂടുതൽ സാധ്യത ഉള്ളത്. അങ്ങനെ പറയാനുള്ള കാരണം പറയുന്നതിനു മുന്നേ മറ്റൊരു പശ്ചാത്തല വിവരം പറയാം:

പുതിയ നിയമത്തിലെ എല്ലാ പുസ്തകങ്ങളും എഴുതിയത് പൊതുയുഗം ഒന്നാം നൂറ്റാണ്ടിൽ (C.E. 1st century) ആണെന്ന് ആദ്യമേ പറഞ്ഞല്ലോ. യഥാർത്ഥ ലേഖകർ രചിച്ച original writings ഇന്ന് ലഭ്യമല്ല. മറിച്ച്, അതിന്‍റെ കോപ്പികളാണ് ഇന്ന് ലഭ്യമായിട്ടുള്ളൂ. അന്നത്തെ കാലത്ത് കോപ്പിയെടുക്കാൻ മെഷീൻ ഇല്ലാത്തതുകൊണ്ട് കൈകൊണ്ട് പകർത്തി എഴുതിയാണ് കോപ്പികൾ ഉണ്ടാക്കിയിരുന്നത്. ഈ കോപ്പികൾ നോക്കി വീണ്ടും കോപ്പികൾ ഉണ്ടാക്കും (that is, copies of copy). പുതിയ നിയമത്തിന്റെ 5000ത്തിലധികം ഗ്രീക്ക് കോപ്പീസ് നമുക്കിന്ന് ലഭ്യമാണ്. പക്ഷേ, അവയിൽ ഒന്നിൽ പോലും ദൈവനാമത്തിന്റെ പൂർണ്ണരൂപം കാണുന്നില്ല.

ഇന്ന് ലഭ്യമായിരിക്കുന്ന ഏറ്റവും പഴയ കോപ്പി പൊതുയുഗം രണ്ടാം നൂറ്റാണ്ടിലെ P52 എന്ന ഒരു ശകലം (fragment) ആണ്. അതിൽ യോഹന്നാന്റെ സുവിശേഷത്തിൽ നിന്നുള്ള 5 വാക്യങ്ങൾ മാത്രമേ ഉള്ളൂ (John 18: 31, 32, 33, 37, 38). ദൈവത്തിന്‍റെ പേര് വരുന്ന ഒരു സന്ദർഭം അല്ല ഈ വാക്യങ്ങൾ.

ശകലങ്ങളിൽ നിന്ന് വ്യത്യസ്തമായി, പുസ്തകരൂപത്തിലുള്ള കയ്യെഴുത്ത് പ്രതികളെ ‘codex’ എന്ന് വിളിക്കും. ഇന്ന് ലഭ്യമായിരിക്കുന്ന ഗ്രീക്ക് കോഡെക്സുകളിൽ ഏറ്റവും പഴയത് താഴെക്കാണുന്ന മൂന്നെണ്ണമാണ്:
(1) Codex Vaticanus – നാലാം നൂറ്റാണ്ട്
(2) Codex Sinaiticus – നാലാം നൂറ്റാണ്ട്
(3) Codex Alexandrinus  – അഞ്ചാം നൂറ്റാണ്ട്

അതായത് പുതിയ നിയമത്തിലെ പുസ്തകങ്ങൾ എഴുതി കുറഞ്ഞത് 300 വർഷങ്ങൾക്ക് ശേഷം ഉള്ള കോപ്പികളെ ഇന്ന് codex രൂപത്തിൽ ലഭ്യമായിട്ടുള്ളൂ.

ഈ 300 വർഷങ്ങളിൽ എന്താണ് സംഭവിച്ചത്? ഈ സമയത്ത് പുതിയ നിയമ പകർപ്പ് എഴുത്തുകാർ ‘യഹോവ’ എന്ന ദൈവനാമം മാറ്റി പകരം ‘കർത്താവ്’ എന്ന് എഴുതിയിരിക്കാൻ സാധ്യതയുണ്ട്. അങ്ങനെ പറയാനുള്ള ഏറ്റവും ശക്തമായ കാരണം നമുക്ക് നോക്കാം:

പഴയനിയമത്തിൽ മൊത്തം 39 പുസ്തകങ്ങൾ ഉണ്ടെന്ന് ആദ്യമേ പറഞ്ഞല്ലോ. ക്രിസ്തുവിന് മുന്നേ അഞ്ചാം നൂറ്റാണ്ടിൽ (B.C.E  5th century) എബ്രായ ബൈബിളിലെ അവസാന പുസ്തകം എഴുതിക്കഴിഞ്ഞു. ഒരു നൂറ്റാണ്ടിന് ശേഷം,  അതായത് ക്രിസ്തുവിനു മുമ്പ് നാലാം നൂറ്റാണ്ടിൽ, അലക്സാണ്ടർ ചക്രവർത്തി നടത്തിയ പടയോട്ടത്തിൽ ഗ്രീക്ക് സാമ്രാജ്യം വിപുലമായി. അതിന്‍റെ ഫലമായി കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലും സമീപപൂർവദേശത്തും ഗ്രീക്ക് ഭാഷ പ്രമുഖ ഭാഷ ആയി മാറി. അവിടെയുള്ള ജൂതന്മാർ ഉൾപ്പെടെയുള്ള ആളുകൾ ഗ്രീക്ക് ഉപയോഗിക്കാൻ തുടങ്ങി. എബ്രായ ഭാഷയിൽ എഴുതിയ പഴയനിയമ പുസ്തകങ്ങളെ ഗ്രീക്കിലേക്ക് വിവർത്തനം ചെയ്യേണ്ട ആവശ്യം വന്നു. ഇങ്ങനെ എബ്രായ ഭാഷയിൽ നിന്നും ഗ്രീക്കിലേക്ക് വിവർത്തനം ചെയ്ത പുസ്തകങ്ങളെ ആണ് ഗ്രീക്ക് സെപ്റ്റുവജിന്റ് (Greek Septuagint) അല്ലെങ്കിൽ LXX എന്നു വിളിക്കുന്നത്. ജൂതന്മാർ തന്നെയാണ് ഈ വിവർത്തനം ചെയ്തത്.
LXX ന്‍റെ അനേകം കയ്യെഴുത്ത്പ്രതികൾ നമ്മൾ കണ്ടെത്തിയിട്ടുണ്ട് – ക്രിസ്തുവിന് മുമ്പ് ഉള്ളതും, ക്രിസ്തുവിന് ശേഷമുള്ളതും.
(ക്രിസ്തുവും ശിഷ്യന്മാരും ജീവിച്ചത് പൊതുയുഗം ഒന്നാം നൂറ്റാണ്ടിൽ ആണെന്ന് വായനക്കാരനെ ഒന്നുകൂടി ഓർമിപ്പിക്കുന്നു)

രസകരമായ കാര്യം എന്തെന്നാൽ, പൊതുയുഗം ഒന്നാം നൂറ്റാണ്ടിലോ, അതിനു മുമ്പോ ഉള്ള ഒരു LXX കയ്യെഴുത്ത് പ്രതിയിൽ പോലും ദൈവത്തിന്‍റെ പേര് മാറ്റി പകരം ‘Kyrios’ (കർത്താവ്) എന്ന് ആക്കിയിട്ടില്ല. അതിൽ എല്ലാം ഒന്നല്ലെങ്കിൽ ഹീബ്രുവിൽ തന്നെ ദൈവനാമം എഴുതിയിരിക്കുന്നു അല്ലെങ്കിൽ, ഗ്രീക്കിലേക്ക് transliterate ചെയ്തിരിക്കുന്നു.

എന്നാൽ പൊതുയുഗം മൂന്നാം നൂറ്റാണ്ടിൽ നിന്നും നാലാം നൂറ്റാണ്ടിൽ നിന്നും ഉള്ള ഭൂരിഭാഗം പ്രതികളിലും ദൈവനാമം ഉള്ള സ്ഥലത്ത് ‘Kyrios’ (കർത്താവ്) അല്ലെങ്കിൽ ‘theos’ (ദൈവം) എന്ന ഗ്രീക്ക് പദങ്ങൾ ആണ് കാണപ്പെടുന്നത്. അതായത്, LXX ൽ originally ഉണ്ടായിരുന്ന ദൈവനാമം പിൽക്കാലത്ത് വന്ന പകർപ്പ് എഴുത്തുകാർ kyrios or theos വെച്ച് replace ചെയ്തു. ഏത് പകർപ്പ് എഴുത്തുകാർ ആണ് ഈ replacement നടത്തിയത്?

പൊതുയുഗം ഒന്നാം നൂറ്റാണ്ടിന് ശേഷം ക്രിസ്തുമതം വളർന്നപ്പോൾ, അവരിൽ ഭൂരിഭാഗവും വിജാതീയ പശ്ചാത്തലത്തിൽ നിന്ന് ക്രിസ്തുമതം സ്വീകരിച്ചവർ ആയിരുന്നു (that is, gentile christians). ഇവരും LXX കോപ്പികൾ ഉണ്ടാക്കാൻ ആരംഭിച്ചു. ഒരുപക്ഷേ ഇവരായിരിക്കാം ഇങ്ങനെ ഒരു replacement നടത്തിയത്.

ഈ replacement നടത്തിയത് ആരായാലും അവർ എന്തിന് അങ്ങനെ ചെയ്തു? അതിന്‍റെ വ്യക്തമായ ഉത്തരം നമുക്ക് അറിയില്ല.

കാരണം എന്തുമായിക്കോട്ടെ, ഇപ്പോൾ നമ്മുടെ മുന്നിൽ ഉള്ള ചോദ്യം ഇതാണ്:

ഗ്രീക്ക് LXX കോപ്പികൾ ഉണ്ടാക്കിയപ്പോൾ ദൈവനാമം മാറ്റിയ മൂന്നാം നൂറ്റാണ്ടിലെയും നാലാം നൂറ്റാണ്ടിലെയും പകർപ്പ് എഴുത്തുകാർ, പുതിയ നിയമത്തിലെ പുസ്തകങ്ങളുടെ കോപ്പികൾ ഉണ്ടാക്കിയപ്പോൾ ഇതേ രീതി തന്നെ പിൻപറ്റാതിരിക്കുമോ? അവർ അങ്ങനെ തന്നെ ചെയ്തിരിക്കാൻ ആണ് സാധ്യത, അല്ലേ?

പക്ഷേ മേൽപ്പറഞ്ഞത് സാഹചര്യ തെളിവ് മാത്രമാണ്. പുതിയ നിയമത്തിന്‍റെ യഥാർത്ഥ വേർഷനിൽ ദൈവനാമം ഉണ്ടായിരുന്നു എന്ന് അസന്നിഗ്ധമായി പറയണമെങ്കിൽ, ആ നാമം നീക്കം ചെയ്യാത്ത കുറഞ്ഞത് ഒരു ഗ്രീക്ക് കൈയെഴുത്ത് പ്രതിയെങ്കിലും പുരാവസ്തു ഗവേഷകർ കണ്ടെത്തണം. ഞാൻ ഈ പോസ്റ്റ് എഴുതുന്ന 2026 ജൂൺ 26 വരെ അങ്ങനെ ഒരു കണ്ടെത്തൽ നടന്നിട്ടില്ല. പക്ഷേ ഭാവിയിൽ അങ്ങനെ ഒരു കയ്യെഴുത്ത് പ്രതി കണ്ടെത്തിയാൽ അത് ചരിത്രമാകും. ആ കണ്ടെത്തൽ നടക്കാൻ വ്യക്തിപരമായി ഞാൻ വളരെയധികം ആഗ്രഹിക്കുന്നു, അതിനായി കാത്തിരിക്കുന്നു.😊

2 Comments

  1. Unknown's avatar Anonymous says:

    Lovely…

    Like

  2. yoosufthasneem's avatar yoosufthasneem says:

    എത്ര നന്നായി എഴുതിയിരിക്കുന്നു, your blog posts( seeing your dedication
    towards God) inspire me to think, learn and write about Quran and my
    Prophet. Also about the connections between different Prophets.

    Y.M.Thasneem, PhD

    Like

Leave a Comment